രാമലീലയ്ക്ക് ശേഷം സംവിധായകൻ അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. ദിലീപിന്റെ സിനിമാ കരിയറിയെ 147മത്തെ ചിത്രമായിരിക്കുമിത് . ഈ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അണിയറയിൽ നടക്കുകയാണെന്നു സംവിധായകൻ അരുൺ ഗോപി തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കും.
വൻതാരനിരയോടെ 2017ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമായിരുന്നു രാമലീല. സച്ചി തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദർ ആയിരുന്നു. മുകേഷ്, പ്രയാഗ മാർട്ടിൻ, രാധിക ശരത്കുമാർ, കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്.