ലാൽജോസിന്റെ പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ. ഇപ്പോഴിതാ ഈ സിനിമയുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ലാൽജോസ് പറഞ്ഞ കാര്യമാണ് ചർച്ചയാകുന്നത്. സിനിമ റിവ്യു ചെയ്യുന്നവരിൽ ചിലര്‍ വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നാണ് സംവിധായകൻ പറയുന്നത്.സോഷ്യൽ മീഡിയയിലാണ് ഇത് കൂടുതൽ കണ്ടുവരുന്നത്. നല്ല ഫോളോവേഴ്സുള്ള യുട്യൂബ് ചാനലുകാർ പണം നൽകിയാൽ മാത്രമേ സിനിമയെക്കുറിച്ച് പറയാൻ തയാറാകുന്നുള്ളൂ.
പണം നൽകാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. അതേസമയം, വളരെ നല്ല രീതിയിൽ സിനിമയെ സമീപിച്ച് റിവ്യു ചെയ്യുന്നവർ ഒട്ടേറെയുണ്ട്. അത് വ്യക്തികളുടെ സ്വഭാവഗുണത്തിനനുസരിച്ചാണ്. പണ്ട് ഇങ്ങനെയൊന്നുമല്ലായിരുന്നു. കടലയും കൊറിച്ച് സിനിമ കാണാനെത്തുന്നവർ നല്ലതാണോ മോശമാണോ എന്ന് മാത്രമേ അഭിപ്രായം പറയുമായിരുന്നുള്ളൂ. ഇന്നത്തെ വിമർശകർ വളരെ സൂക്ഷ്മമായാണ് സിനിമയെ കാണുന്നത്. എഡിറ്റിങ്ങിനെക്കുറിച്ചും ക്യാമറ ആംഗിളിനെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇന്ന് എല്ലാവരും എഴുത്തുകാരും സംവിധായകരുമാണ്. പ്രേക്ഷകർക്ക് വേണ്ടിയല്ല, ഇത്തരക്കാരെ മുന്നിൽകണ്ടാണ് താനിപ്പോൾ സിനിമ ചെയ്യുന്നത്.എന്നും ലാൽ ജോസ് പറഞ്ഞു.
താൻ സിനിമയിലേക്ക് വന്നിട്ട് 25 വർഷമായെന്നും വന്ന സമയത്ത് തന്റെ സീനിയേഴ്സായ സംവിധായകർ ആ കാലത്ത് ചെയ്തുകൊണ്ടിരുന്ന സിനിമകളിൽ നിന്ന് എന്തോ ഒരു മാറ്റം തന്റെ സിനിമയ്ക്ക് ഉണ്ടായിരുതുകൊണ്ടാണ് അന്ന് ശ്രദ്ധിക്കപ്പെട്ടത് എന്നാണ് ലാൽ ജോസ് പറയുന്നത്. ഒൻപത് വർഷം അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചാണ് ഞാൻ സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോ അതിന്റെ ആവശ്യമില്ല. മൂന്നോ നാലോ ക്യാമറ വച്ച് നിങ്ങൾക്ക് ഷൂട്ട് ചെയ്യാം. നല്ലൊരു ക്യാമറമാനും എഡിറ്ററുമുണ്ടെങ്കിൽ സിനിമയുണ്ടാകും. എഡിറ്റിങ് ടേബിളിലാണ് സിനിമ ശരിക്കും ജനിക്കുന്നത്. ഇതോടെ സിനിമകളുടെ ഒരു പ്രവാഹമുണ്ടായി. ഒരു സിനിമയിലേക്ക് ആളുകളുടെ ശ്രദ്ധകൊണ്ടുവരുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. അപ്പോഴേക്കും അടുത്ത സിനിമയിറങ്ങും. തന്റെ പഴയകാലത്തെ സിനിമകൾക്കും പുതിയ കാലത്തെ സിനിമകൾക്കും ഇടയിലുള്ളൊരു പാലമാണ് സോളമന്റെ തേനീച്ചകൾ.സോളമന്റെ തേനീച്ചകൾ കണ്ടവരെല്ലാം നല്ലതാണെന്നും കാണാത്തവർ മോശമാണെന്നും പറയുന്നതായും ലാൽ ജോസ് ആരോപിച്ചു.