തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് എതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണിക്കും. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യയയാണ് പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് എതിരെ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതു വിലക്കി ഉത്തരവിടാന്‍ ഇലക്ഷന്‍ കമ്മിഷനോടു നിര്‍ദേശിക്കണം എന്നാണ് പൊതുതാത്പര്യ ഹര്‍ജി.
സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരു പരിശോധനയും നടത്താതെയാണ് പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. വോട്ടു നേടല്‍ മാത്രമാണ് ഇതിന്റെ ലക്ഷ്യം. ഇതു സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
വിശാലമായ നിയമ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കേസ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.