യുവാവിന്റെ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സംഭവവുമായി ബന്ധപ്പെട്ട് സുവീഷിന്റെ മൂന്ന് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിറ്റൂര്‍ തത്തമംഗലം സ്വദേശി സൂവീഷിന്റെതെന്ന് സംശയിക്കുന്ന മൃതദേഹമാണ് യാക്കരപ്പുഴയില്‍ കണ്ടെത്തിയത്. മകനെ കാണാനില്ലെന്നും ഇയാളുടെ സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന അമ്മയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.സംഭവത്തില്‍ ആറോളം പേര്‍ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു.
ജൂലായ് 19 മുതലാണ് തത്തമംഗലം സ്വദേശിയായ സുവീഷിനെ കാണാതാകുന്നത്. സംശയത്തിലാണ് സുവിഷിന്റെ അമ്മ ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ എന്നിവയെല്ലാം പൊലീസ് പരിശോധിച്ചു. സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് മൃതദേഹം യാക്കര പുഴയില്‍ കെട്ടിതാഴ്ത്തിയെന്ന വിവരം ലഭിക്കുന്നത്.പഴക്കമുള്ളതിനാൽ അഴുകിയ നിലയിലാണ് മൃതദേഹം.
വാഹന ഇടപാടുമായി ബന്ധപ്പെട്ട് സുവീഷിന് സുഹൃത്തുക്കളുമായി സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. പാലക്കാട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് ഉപയോഗിച്ചതിന് സുവീഷിന്റെ പേരില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്.