നടിയും ഹരിയാനയിലെ ബിജെപി നേതാവുമായ സൊണാലി ഫൊഗട്ടിന്റെ മരണത്തിൽ സൊണാലിയുടെ രണ്ടു സഹായികൾ അറസ്റ്റിൽ. സൊണാലിക്കൊപ്പം ഗോവയിലെത്തിയ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സഗ്‍വാൻ, സുഹൃത്ത് സുഖ്‌വിന്ദർ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റം ഗോവ പൊലീസ് ചുമത്തി.
സഹോദരി ബലാത്സംഗത്തിന് ഇരയായെന്നും സുധീറും സുഖ്‌വിന്ദറും ചേർന്നുകൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് സൊനാലിയുടെ സഹോദരൻ റിങ്കു ധാക്ക നൽകിയ പരാതിയിൽ പറയുന്നത്. ഇതിന്റെ വിഡിയോ ചിത്രീകരിച്ച് അവർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ ഉണ്ട്. തുടർന്നാണ് കൊലപാതകക്കേസെടുക്കാൻ പൊലീസ് തയ്യാറായത്.
സൊനാലി ഫൊഗട്ടിന്റെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ ഉണ്ടെത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സൊനാലിയുടെ മൃതദേഹം പരിശോധിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരമൊരു മുറിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
മരിക്കുന്നതിന് ഏതാനും മണിക്കൂർമുമ്പ് അമ്മയോടും സഹോദരിയോടും സൊനാലി ഫോണിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ പേഴ്സണൽ അസിസ്റ്റന്റ് മോശമായി പെരുമാറുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.സുധീർ സൊനാലിയുടെ രാഷ്ട്രീയ-അഭിനയ ജീവിതത്തിൽ ഇടപെട്ടിരുന്നതായും ഫോണുകൾ, സ്വത്തുരേഖകൾ, എ.ടി.എം. കാർഡുകൾ, വീടിന്റെ താക്കോൽ എന്നിവ കൈവശപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സുധീർ സഗ്‍വാൻ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിയാണ് ബലാത്സംഗം ചെയ്തത്. ഇതു വീഡിയോയിൽ പകർത്തി. വീഡിയോ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രിഭക്ഷണത്തിൽ വിഷംനൽകിയാണ് കൊലപ്പെടുത്തിയത്.