മലപ്പുറം: മലപ്പുറത്ത് പതിമൂന്ന് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് ശിക്ഷിച്ചത്.
മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും പ്രാർത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പതിമൂന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് വിവരം. ഇതിനുപുറമെ ഇതേകുട്ടിയുടെ സഹോദരനെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ക്ക് അഞ്ചു വര്‍ഷം തടവും മഞ്ചേരി പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണയില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് പാസ്റ്റര്‍ എത്തിയത്. കണ്‍വെന്‍ഷനുശേഷം കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇവിടെവച്ച് പരിചയപ്പെട്ട രണ്ടു കുട്ടികളുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും അത് പ്രാര്‍ഥിച്ച് മാറ്റിത്തരാം എന്നുമാണ് പാസ്റ്റര്‍ തെറ്റിദ്ധരിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.