ന്യൂഡൽഹി: ടിക് ടോക് താരവും നടിയും ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് ഇന്ന് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. മൂര്‍ച്ചയില്ലാത്ത ഏതോ വസ്തു ഉപയോഗിച്ച് ഒന്നിലധികം തവണ മര്‍ദിച്ചതിനെ തുടര്‍ന്നുള്ള പരിക്കുകളാണ് സോണാലിയുടെ ശരീരത്തിലുള്ളതെന്നാണ് സൂചന.
ഇതിനു പിന്നാലെ സൊണാലിയുടെ സഹായിക്കും സുഹൃത്തിനുമെതിരെ ഗോവ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി. സൊണാലിയുടെ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സഗ്വാൻ, സുഹൃത്ത് സുഖ്വിന്ദർ സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുടുംബത്തിന്റെ പരാതിയിലാണ് ഗോവ പൊലീസിന്റെ നടപടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച ഗോവയിലായിരുന്നു സൊണാലിയുടെ മരണം. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഇതിനെ കുടുംബം ചോദ്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച രാവിലെ നോർത്ത് ഗോവയിലെ അഞ്ജുനയിലെ സെന്റ് ആന്റണി ആശുപത്രിയിലായിരുന്നു സൊണാലിയുടെ മരണം സ്ഥിരീകരിച്ചത്. തന്റെ സഹോദരിയെ സുധീർ സാംഗ്വാനും സുഖ്വീന്ദറും ചേർന്ന് ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സൊണാലിയുടെ സഹോദരൻ റിങ്കു ധാക്ക പരാതി നൽകിയിരുന്നു. സൊണാലിയുടെ മോശം വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും റിങ്കു പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് ഗോവയിലെത്തിയതിന് പിന്നാലെ സ്വന്തം നിലയ്ക്ക് ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നെന്നും സോണാലിയുടേത് സ്വാഭാവികമരണം അല്ലെന്നും റിങ്കു കൂട്ടിച്ചേര്‍ത്തു.
ടിക് ടോക് മുൻ താരമായ സൊനാലി റിയാൽറ്റി ടിവി ഷോയായ ബിഗ് ബോസിലും പങ്കെടുത്തിട്ടുണ്ട്. 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആദംപുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസിലെ കുൽദീപ് ബിഷ്ണോയിയോടു പരാജയപ്പെട്ടു.
















