ആംആദ്മിയുടെ എംഎൽഎമാർക്ക് 20 കോടി രൂപ വീതമാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നു ആംആദ്മി വക്താവ് സൗരഭ് ഭരധ്വജ് . ഡൽഹിയിൽ ബിജെപിയുടെ ഓപ്പറേഷൻ താമര പരാജയപ്പെട്ടുവെന്നും പാർട്ടി എംഎൽഎമാരുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംസാരിച്ചുവെന്നും തങ്ങളുടെ അവസാന ശ്വാസം വരെ പാർട്ടിയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് എല്ലാ നേതാക്കളും പറഞ്ഞുവെന്നും സൗരഭ് പറഞ്ഞു.
ആം ആദ്മിയിൽ നിന്ന് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് 12 എംഎൽഎമാരെ ബിജെപി സമീപിച്ചെന്നും പാർട്ടി വക്താവ് അറിയിച്ചു.
ആംആദ്മി പാർട്ടി അംഗങ്ങളുടെ നിർണ്ണായക യോഗം ഇന്ന് നടന്നിരുന്നു. യോഗത്തിൽ 54 എംഎൽഎമാർ പങ്കെടുത്തു.അരവിന്ദ് കെജ്രിവാൾ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത എംഎൽഎമാർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ബിജെപിയുടെ കൈവശമുള്ളത് കള്ളപ്പണമാണ്. ഇതിനെതിരെ ആണ് അന്വേഷണം വേണ്ടതെന്നും ഇതിനെ കുറിച്ച് സിബിഐയും ഇഡിയും അന്വേഷണം നടത്തണമെന്നും സൗരഭ് ആവശ്യപ്പെട്ടു. യോഗത്തിന് ശേഷം അരവിന്ദ് കെജ്രിവാൾ ഗാന്ധിയുടെ സമാധി സ്ഥലത്തെത്തി പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
















