അമ്മയെ വിഷം നല്കി കൊലപ്പെടുത്തുകയും അച്ഛനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കീഴൂര്‍ കാക്കത്തുരുത്ത് സ്വദേശി ഇന്ദുലേഖയാണ് അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയത്. മാതാവ് രുഗ്മിണിയുടെെ അസ്വാഭാവിക മരണം സംബന്ധിച്ച് കസ്റ്റഡിയിലായ മകൾ ഇന്ദുലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ മാതാവ് രുഗ്മിണിയെ കൊലപ്പെടുത്തിയത് താനാണെന്ന് ഇന്ദുലേഖ സമ്മതിച്ചു.
കാക്കത്തുരുത്ത് സ്വദേശി ചോഴിയാട്ടില്‍ ചന്ദ്രൻ്റെ ഭാര്യ രുഗ്മണിയാണ് കഴിഞ്ഞ ദിവസം വിഷം അകത്തുചെന്ന നിലയില്‍ മരണമടഞ്ഞത്. രുഗ്മിണിയുടെ മരണത്തിനു പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് എലിവിഷം ഉള്ളില്‍ചെന്നാണ് മരണമെന്നു കണ്ടെത്തിയത്.രണ്ടുമാസം മുൻപ് മാതാപിതാക്കളെ കൊലപ്പെടുത്തുവാൻ ഇന്ദുലേഖ ശ്രമം നടത്തിയിരുന്നെന്നുള്ള വിവരങ്ങളും പുറത്തു വന്നു.
രുഗ്മിണിയുടേത് ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയത്. ഭര്‍ത്താവ് ചന്ദ്രന് നല്കിയ സൂചനപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂത്ത മകള്‍ ഇന്ദുലേഖയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ദുലേഖ എലിവിഷം വാങ്ങിയത് കുന്നംകുളത്തെ കടയിൽ നിന്നുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓഗസ്റ്റ് പതിനേഴാം തീയതിയാണ് ഇന്ദുലേഖ മാതാവ് രുഗ്മിണിക്ക് വിഷം നൽകിയത്. കഴിച്ച ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കരുതുന്നത്. പിറ്റേ ദിവസം ഛർദ്ദിച്ചതിനെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരിച്ചു.