ഹൈദരാബാദ്: പ്രവാചകനെ അധിക്ഷേപിച്ച കേസിൽ പ്രതിയായ തെലങ്കാനയിലെ ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ടി രാജാസിങ്ങിനെ നിയമസഭാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ, ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടികൾ. എം.എൽ.എയായി അധികാരത്തിലേറുമ്പോൾ ചെയ്ത സത്യപ്രതിജ്ഞ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്.
മുമ്പ് പലവട്ടം മുസ്‌ലിംകളുടെ വികാരം വൃണപ്പെടുത്തിയ രാജാ സിങ് ഇപ്പോൾ പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കണമെന്നും സി.പി.ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാജാ സിങ്ങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം ജനറൽ സെക്രട്ടറിയും എം.എൽ.എയുമായ അഹമ്മദ് പാഷ ഖാദ്‌രി സ്പീക്കർക്ക് കത്ത് നൽകി. രാജാ സിങ്ങിന്റെ പെരുമാറ്റം സഭാംഗത്തിന് യോജിച്ചതല്ലെന്നും സഭയുടെ പ്രത്യേകാവകാശങ്ങൾ ഇദ്ദേഹം ലംഘിച്ചുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം രാജാസിങ്ങിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിൽ സിആർപിസി 41ാം വകുപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥിരം വിദ്വേഷ പരാമർശങ്ങൾ നടത്തുന്ന രാജാസിങ്ങിന് കോടതി ജാമ്യം നൽകിയത്.
അറസ്റ്റിന് പിന്നാലെ ഇയാളെ ബി.ജെപി.യിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. രാജാസിങ്ങിനെതിരെ ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്. മതസ്പർധയ്ക്കും മതവികാരം വ്രണപ്പെടുത്തിയതിനും ഐപിസി 153 എ, 295, 505 വകുപ്പുകൾ ചുമത്തിയാണ് കേസ്.
















