പട്ന: ബിഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന മഹാഗഠ്ബന്ധന് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി നിതീഷ് കുമാര്‍ സഭയില്‍ സംസാരിക്കവേ പ്രതിപക്ഷമായ ബി.ജെ.പി. പ്രതിഷേധിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബി.ജെ.പിയുടെ വാക്കൗട്ടിന് പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ 160 വോട്ടുകള്‍ നേടി ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു. 243 അംഗ സഭയാണ് ബിഹാറിലേത്.
ബിജെപി പ്രതിനിധിയായ സ്പീക്കർ വിജയ് കുമാർ സിൻഹ രാജിവച്ചതോടെ ജെഡിയുവിന്റെ നരേന്ദ്ര നാരായണ്‍ യാദവ് വിശ്വാസ വോട്ടെടുപ്പിനു നേതൃത്വം നൽകിയത്. വിജയ് കുമാർ സിൻഹയാണ് നരേന്ദ്ര യാദവിന്റെ പേരു നിർദേശിച്ചത്.
എൻഡിഎ സഖ്യം വിട്ട നിതീഷ് കുമാറിന്റെ ജെഡിയു, ആർജെഡി, കോണ്‍ഗ്രസ്, സിപിഐ, സിപിഐ(എംഎൽ), സിപിഎം എന്നിവരുമായി ചേർന്ന മഹാസഖ്യ സർക്കാർ രൂപീകരിച്ചിരുന്നു.
പുതിയ സഖ്യ സർക്കാർ രൂപീകരിച്ചതിനു പിന്നാലെ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായി സ്പീക്കറുടെ രാജി.
വിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ആര്.ജെ.ഡി. നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ബി.ജെ.പിക്കെതിരേ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പുതിയ സഖ്യം ചരിത്രപരമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിതീഷ് കുമാറിന് രാഷ്ട്രീയ വിശ്വാസ്യത നഷ്ടമായെന്ന് ബി.ജെ.പി. അംഗം താരാകിഷോര്‍ പ്രസാദ് വിമര്‍ശിച്ചു.
















