നിയമപ്രകാരം വിവാഹിതരായ ദമ്പതികളെ വേര്‍പിരിക്കാന്‍ ഭരണകൂടത്തിന് അധികാരമില്ലെന്ന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. പ്രായപൂര്‍ത്തിയാവും മുമ്പേ വിവാഹിതയായ മുസ്ലിം പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ദമ്പതികളുടെ സ്വകാര്യ ജീവിതത്തിലേക്കു കടന്നുകയറി അവരെ വേര്‍പിരിക്കാനാവില്ലെന്നാണ് ഉത്തരവ്.
പതിനഞ്ചു വയസ്സില്‍ യുവാവിനൊപ്പം നാടുവിട്ടു വിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണിയാണ്. ഇവരെ വേര്‍പിരിക്കാന്‍ വീട്ടുകാര്‍ ശ്രമം ശക്തമാക്കിയപ്പോഴാണ് സുരക്ഷ തേടി പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. മുസ്ലിം വ്യക്തിനിയമ പ്രകാരം പതിനെട്ടു വയസ്സു പൂര്‍ത്തിയാവുന്നതിനു മുമ്പു തന്നെ പെണ്‍കുട്ടിക്കു വിവാഹിതയാവാവുന്നതാണെന്ന് കോടതി പറയുന്നത് . അതിനു മാതാപിതാക്കളുടെ സമ്മതം വേണ്ട. നിയമപ്രകാരം വിവാഹിതരായ ദമ്പതികളെ ബലം പ്രയോഗിച്ച് വേര്‍പിരിക്കാനാവില്ല. ഒന്നിച്ചിരിക്കുകയെന്നത് വിവാഹത്തില്‍ പ്രധാനമാണ്. വേര്‍പിരിക്കുന്നത് പെണ്‍കുട്ടിയെയും അവര്‍ക്കു ജനിക്കാനിരിക്കുന്ന കുഞ്ഞിനെയും ബാധിക്കും. പെണ്‍കുട്ടിയെ സംരക്ഷിക്കുക എന്നതാണ് ഇവിടെ സ്റ്റേറ്റിനു ചെയ്യാനുള്ളത്.പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചത്. അതില്‍ കടന്നുകയറാന്‍ സ്റ്റേറ്റിന് അധികാരമില്ല.
വിവാഹത്തിനു മുമ്പേ ഭര്‍ത്താവ് പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന വാദവും കോടതി തള്ളി. അവര്‍ ഇപ്പോള്‍ വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നു. അവര്‍ ഒന്നിച്ചു താമസിക്കുകയും സ്വാഭാവികമായും ശാരീരികമായി ബന്ധപ്പെടുകയും ചെയ്യുന്നു. വിവാഹത്തിനു മുമ്പ് ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെന്ന വാദത്തെ സാധൂകരിക്കാന്‍ തെളിവുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ചൂഷണം ചെയ്‌തെന്ന വാദത്തില്‍ കഴമ്പില്ല.എന്നാണ് കോടതി വ്യക്തമാക്കിയത്.
















