ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗോവയില്‍ വച്ചായിരുന്നു മരണം.ബിജെപിയുടെ മഹിളാ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റും ഹരിയാന, ന്യൂഡല്‍ഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ പട്ടികവര്‍ഗ വിഭാഗത്തിന്റെ ചുമതലക്കാരിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്നു. വിനോദ വ്യവസായ രംഗത്തെ ഒട്ടേറെ പേര്‍ സോനാലിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.
ഓഗസ്റ്റ് 22-ന് തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലേക്ക് എത്തിയ സോണാലി ആഗസ്റ്റ് 24 ന് തിരിച്ചു പോകാനിരുന്നതാണ്. തിങ്കളാഴ്ച രാത്രി പാര്‍ട്ടിക്ക് പോയ സൊണാലി തിരിച്ചെത്തി മണിക്കൂറുകള്‍ക്ക് ശേഷം അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജാര്‍ഖണ്ഡിലെയും മധ്യപ്രദേശിലെയും ആദിവാസി മേഖലകളിലും സൊണാലി ചുമതല നിര്‍വ്വഹിച്ചു. 2019ലെ ഹരിയാന തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ആദംപൂരില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുല്‍ദീപ് ബിഷ്ണോയിക്കെതിരെയാണ് അവര്‍ മത്സരിച്ചത്. ബിഗ് ബോസ് 14 വൈല്‍ഡ്കാര്‍ഡ് മത്സരാര്‍ത്ഥിയായിരുന്നു.
2016-ല്‍ ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച സൊണാലി ഹരിയാന്‍വി ചിത്രമായ ഛോറിയാന്‍ ഛോരോന്‍ എസ് കാം നഹി ഹോതിയില്‍ അഭിനയിച്ചു. നിരവധി പഞ്ചാബി, ഹരിയാന്‍വി മ്യൂസിക് വീഡിയോകളുടെ ഭാഗമായി. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് എന്ന വെബ് സീരീസിലാണ് അവസാനമായി കണ്ടത്. ടിക് ടോക്കിലും സോഷ്യല്‍ മീഡിയയിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു.
2016 ഡിസംബറില്‍ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ടിനെ ഫാംഹൗസില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. യശോധര ഫോഗട്ട് എന്നൊരു മകളുണ്ട്.
















