ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി അമിത് ഷാ ഹൈദരാബാദിൽ എത്തിയിട്ടുണ്ട്. ബിജെപി മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്.
ഞായറാഴ്ച്ച വൈകിട്ട് ജൂനിയർ എൻടിആറുമായി അമിത്ഷാ കൂടിക്കാഴ്ച്ച നടത്തുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദ്രർ റെഡ്ഡി വ്യക്തമാക്കി. അമിത് ഷായുടെ ക്ഷണപ്രകാരമാണ് ജൂനിയർ എൻടിആർ കൂടിക്കാഴ്ച്ചക്കായി എത്തുന്നത്. ഷംഷാബാദ് നൊവാടെൽ ഹോട്ടലിലാണ് പരിപാടി തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കി.
അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന എൻടിആറിൻ്റെ പേരമകനാണ് ജൂനിയര്‍ എൻടിആര്‍. എൻടിആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി 2009-ലെ പൊതുതെരഞ്ഞെടുപ്പിൽ ജൂനിയര്‍ എൻടിആര്‍ പ്രചാരണം നടത്തിയിരുന്നു. അതിനു ശേഷം ഇത്ര വര്‍ഷമായി രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചാണ് ജൂനിയര്‍ എൻടിആര്‍ നിന്നിട്ടുള്ളത്. അദ്ദേഹത്തിൻ്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടിഡിപിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവിൽ ഹിന്ദ്പുര്‍ മണ്ഡലത്തിൽ നിന്നുള്ള ടിഡിപി എംഎൽഎയാണ്.
















