ന്യൂഡൽഹി: ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതികളിൽ 26 മരണം. ഹിമാചൽ പ്രദേശിൽ പതിനഞ്ച് പേരും ഉത്തരാഖണ്ഡിലും ഒഡീഷയിലും നാല് പേർ വീതവും ജമ്മു കാഷ്മീരിൽ രണ്ട് പേരും ജാർഖണ്ഡിൽ ഒരാളും മരിച്ചതായാണ് വിവരം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്ന് പുലർച്ചെയോടെ മേഘവിസ്ഫോടനമുണ്ടായി.
ഹിമാചലിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 15 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കാണാതായ എട്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ചക്കി ബ്രിഡ്ജ് ഉൾപ്പടെ നിരവധി പാലങ്ങൾ തകർന്നുവീണു. ചണ്ഡീഗഢ്- മണാലി റോഡ് അടക്കമുള്ളിടങ്ങളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തിയിലാണ്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു.
തമസ, സോങ്ങ്, ചക്കി നദികളിൽ നിന്ന് ജലം കുത്തിയൊഴുകി വന്നതോടെ നിരവധി പാലങ്ങളും റോഡുകളും തകർന്നു.കാൻഗ്ര ജില്ലയിലെ ചക്കി നദിക്ക് മുകളിലൂടെയുള്ള റെയിൽപ്പാലം പൂർണമായി തകർന്നു .
ഹിമാചലിലെ മണ്ടിയിൽ വലിയ മണ്ണിടിച്ചില്‍ ഉണ്ടായതായി ജില്ലാ കലക്ടർ അറിയിച്ചു. .കാൻഗ്ര,ചമ്പ,മണ്ഡി, കുളു, ഷിംല, സിർമോർ, സോളൻ, ഹമിർപൂർ, ഉന, ബിലാസ്പൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരും. ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തിന് പിന്നാലെ വെള്ളം കയറി സാർഖേത് ഗ്രാമം ഒറ്റപ്പെട്ടു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
















