കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നര കിലോയുടെ സ്വര്‍ണം പിടികൂടി. വസ്ത്രത്തില്‍ തേച്ച്പിടിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.
അബുദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) ആണ് അതിവിദഗ്ധമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇസ്സുദ്ദീനെ കസ്റ്റഡിയിലെടുത്തത്. അബുദാബിയില്‍ നിന്നു കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാൾ വന്നിറങ്ങിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പിടികൂടിയത്.
പ്രാഥമിക ചോദ്യം ചെയ്യലില്‍ വളരെ ആത്മവിശ്വാസത്തോടെ കാണപ്പെട്ട ഇസ്സുദ്ദീന്‍ തന്റെ കയ്യില്‍ സ്വര്‍ണമുള്ള കാര്യം സമ്മതിച്ചില്ല. ഇസ്സുദ്ദീന്റെ കൈവശമുണ്ടായിരുന്ന ബാഗും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് ഇയാള്‍ ധരിച്ചിരുന്ന പാന്റ്സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ അഴിച്ച് പരിശോധിക്കുകയായിരുന്നു.പാന്റ് മുറിച്ച് നോക്കിയപ്പോഴാണ് തയ്ച്ചിരിക്കുന്നത് രണ്ട് പാളി തുണികളുപയോഗിച്ചാണെന്നും, ഉള്‍വശത്തായി സ്വര്‍ണമിശ്രിതം തേച്ച് പിടിപ്പിച്ചിരിക്കയാണെന്നും മനസ്സിലായത്.