തമിഴ്നാട് വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ അജ്ഞാത സംഘം ഓഫിസിൽ കയറി വെട്ടിക്കൊന്നു. പ്രമുഖ ഇടപാടുകാരിലൊരാളായ ടി.വി.ആർ. മനോഹറിനെയാണ് സുഹൃത്തുക്കൾക്ക് മുന്നിലിട്ടു ബൈക്കുകളിലെത്തിയ അജ്ഞാതസംഘം കൊലപ്പെടുത്തിയത്.
കഴിഞ്ഞദിവസം രാത്രി വേളാങ്കണ്ണി മണിവേലിലെ സ്വന്തം ഓഫിസിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിത ആക്രമണം. ഈ സമയം ബൈക്കിൽ എത്തിയ ഒരു സംഘം ഓഫിസിലേക്ക് ഇരച്ചുകയറി. മനോഹറിനെ തലങ്ങും വിലങ്ങും വെട്ടി. അരിവാൾ കൊണ്ട് കൈ വെട്ടിയെടുത്തു. ബഹളം കേട്ട് ഓടിയെത്തിയവരെ വടിവാൾ വീശി സംഘം അകറ്റിനിർത്തി. നിമിഷങ്ങൾക്കകം വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പൊലീസ് മനോഹറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.