കൊച്ചി : 17 വയസ്സുകാരിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പള്ളുരുത്തി സ്വദേശിയായ 25കാരനായ യുവാവിനെയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത് . 2018 ജൂലൈയിൽ ആയിരുന്നു കേസ്സിന് ആസ്പദമായ സംഭവം. പെൺകുട്ടി ഒറ്റയ്ക്കുള്ള സമയത്ത് വീട്ടിൽ അതിക്രമിച്ച് കേറി പ്രതി ബലാൽസംഗം ചെയ്യുകയായിരുന്നു. രണ്ട് മാസം കഴിഞ്ഞ് വയറുവേദനയായി പെൺകുട്ടി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാണ് സംഭവം പുറത്തിറഞ്ഞത്.
പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലാക്കിയ ഡോക്ടർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് കേസ്സെടുത്തത്. വിസ്താരത്തിനിടയിൽ പെൺകുട്ടിയും , പെൺകുട്ടിയുടെ അമ്മയും പ്രതിക്കനുകൂലമായി കൂറുമാറിയിരുന്നു. എന്നാൽ ഡി എൻ എ പരിശോധന ഫലത്തെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ഡിഎൻഎ പരിശോധന ഫലത്തിന്റെ പ്രാധാന്യത്തെ പറ്റിയുള്ള സുപ്രീംകോടതിയുടെയും , കേരള ഹൈക്കോടതിയുടെയും വിധികൾ ഉദ്ധരിച്ചാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
പെൺകുട്ടിയെ പ്രതി പിന്നീട് വിവാഹം കഴിച്ചെങ്കിലും ആ കാരണം കൊണ്ട് പ്രതിയെ ചെയ്ത കുറ്റത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ല എന്ന് കോടതി വിധി ന്യായത്തിൽ വ്യക്തമാക്കുന്നു.പ്രതി കുറ്റകൃത്യം ചെയ്ത സമയത്ത് 22 വയസ്സ് മാത്രമായിരുന്നു പ്രായം എന്നുള്ളതും മറ്റു സാഹചര്യങ്ങളും പരിഗണിച്ചാണ് ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്. തോപ്പുംപടി എസ് ഐ ബിനു, സി ഐ എസ് . ശ്രീകുമാർ തുടങ്ങിയവരാണ് കേസന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ.ബിന്ദു , അഡ്വ: സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.