215 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫർണാണ്ടസിലെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് ഇഡി. ഡൽഹി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് നടിയെ പ്രതി ചേർത്തിരിക്കുന്നത്. തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിനാണെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ക്രിമിനൽ കേസുകളിൽ പ്രതിയായ സുകേഷ് ചന്ദ്രൻ കൊള്ളക്കാരനാണെന്ന് ജാക്വിലിന് അറിയാമായിരുന്നു. സുകേഷുമായി ജാക്വിലിൻ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. പത്ത് കോടിയുടെ സമ്മാനങ്ങൾ ജാക്വിലിന് സുകേഷ് നൽകിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടിയുടെ ഏഴ് കോടിയിലികം രൂപയും സ്വത്തുക്കൾ ഇഡി കണ്ടെടുത്തിട്ടുണ്ട്.
സുകേഷ് ചന്ദ്രൻ 32-ൽ അധികം കേസുകളിൽ പ്രതിയാണ്. ജയിലിൽ കഴിയുമ്പോഴും ജാക്വിലിനുമായി സുകേഷ് നിരന്തരം സംസാരിച്ചിരുന്നു. കേസിൽ 36കാരിയും ശ്രീലങ്കൻ പൗരയുമായി നടിയെ കേസിൽ ഇഡി പലവട്ടം ചോദ്യം ചെയ്തിരുന്നു. ജാക്വിലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ചിത്രം നിർമ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിംഗ്, മൻവീന്ദർ സിംഗ് എന്നിവരുടെ കുടുംബത്തിൽ നിന്ന് 215 കോടി തട്ടിയെടുത്ത് കടന്നുവെന്നാണ് കേസ്. തട്ടിപ്പ് നടത്തിയതിന് ശേഷം ആഢംബര ജീവിതമാണ് സുകേഷ് നയിച്ചിരുന്നത്. സുകേഷിന്റെ 16 ആഢംബര കാറുകളും കടലിനോട് ചേർന്നുള്ള ബീച്ച് ബംഗ്ലാവും അടുത്തിടെ കണ്ടുകെട്ടിയിരുന്നു.
















