കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പരിസരത്തുള്ള ഫ്ലാറ്റില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കൂടെയുണ്ടായിരുന്ന യുവാവിനായി കോഴിക്കോട് വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് തിരച്ചിൽ നടത്തി. ഇന്നലെ വൈകിട്ട് മലപ്പുറത്ത് തെഞ്ഞിപ്പാലത്തിനു സമീപമാണ് പ്രതിയെന്നു കരുതുന്ന അർഷാദിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത്. അർഷദ് ഒളിവിൽ പോയത് കൊലപാതകം പുറത്തറിഞ്ഞ ശേഷമെന്നാണ് പോലീസ് കണ്ടെത്തൽ.കോഴിക്കോട് പയ്യോളി സ്വദേശിയാണ് അർഷാദ്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മലപ്പുറം സ്വദേശി സജീവ് കൃഷ്ണനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഹോട്ടല്‍ ജീവനക്കാരനായ സജീവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിൽ പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. അതിനു പിന്നാലെ ഫ്ളാറ്റിൽ കൂടെയുണ്ടായിരുന്ന അർഷാദിനെ കാണാതായിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. സജീവ് ഉള്‍പ്പെടെ അഞ്ചു പേരാണ് ഈ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.
രണ്ടുദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു.