ഇന്ന് ചിങ്ങം ഒന്ന്. മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്‌തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കൊവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.
കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ ചിങ്ങമാസവും ഉണര്‍ത്തുന്നത്. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളീയര്‍ക്ക് ചിങ്ങം 1 കര്‍ഷക ദിനം കൂടിയാണ്.കേരളീയർ ഓണമായി ആഘോഷിക്കുന്നത് ചിങ്ങമാസത്തിലെ തിരുവോണനാളാണ്. ചിങ്ങം എത്തിയാൽ നാടും നഗരവും പൂക്കൾ കൊണ്ട് നിറയും. അത്തം കൂടെ എത്തിയാൽ പിന്നെ ഒരു ഉത്സവ മേളമാണ്. അത്തപൂവും, ഊഞ്ഞാലും തുടങ്ങി പത്ത് ദിവസം പിന്നെ മലയാളികൾ കടന്ന് പോകുന്നത് ആഘോഷ രാവിലൂടെയും. അത്തം പത്തിനാണ് തിരുവോണം. ഈ വർഷത്തെ തിരുവോണം സെപ്റ്റംബർ 8 നാണ്.
സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. നക്ഷത്രരാശികൾക്ക് അനുസരിച്ചാണ് മാസങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാള മാസമായ ചിങ്ങം വരിക.സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു.തമിഴ് മാസങ്ങളായ ആവണി-പൂരട്ടാശി എന്നിവ ചിങ്ങമാസ സമയത്താണ്.
















