ഗാന്ധിനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിൽ ആംആദ്മിയെ അധികാരത്തിലെത്തിച്ചാൽ സർക്കാർ സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികൾക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് ആംആദ്മി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.
‘ഗുജറാത്തിൽ ജനിച്ച എല്ലാവർക്കും സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭിക്കും. മികച്ച വിദ്യാഭ്യാസം ഞങ്ങൾ സൗജന്യമായി നൽകും’- കെജ്‌രിവാൾ പറഞ്ഞു. ഗുജറാത്തിൽ പാർട്ടി അധികാരത്തിൽ വന്നാൽ നിലവിലുള്ള സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്നും നിരവധി പുതിയ സ്കൂളുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
സ്വകാര്യ സ്കൂളുകളെ ഓഡിറ്റ് ചെയ്യുകയും അവർ വിദ്യാർഥികളിൽ നിന്നു വാങ്ങുന്ന അധിക തുക തിരിച്ചുകൊടുപ്പിക്കുകയും ചെയ്യും, കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുകയും അവർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും കെജ്‌രിവാൾ വാഗ്ദാനം ചെയ്തു.
















