ആദായനികുതി വകുപ്പ് നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. അധികവരുമാനം വെളിപ്പെടുത്താത്തതിന് ആണ് വിജയ്ക്ക് ആദായനികുതി വകുപ്പ് പിഴ ഈടാക്കിയത്.
2015 -16 സാമ്പത്തിക വർഷത്തിൽ ലഭിച്ച 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ആദായനികുതി വകുപ്പ് കണ്ടെത്തി പിഴ ചുമത്തിയിരുന്നത്.
പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റി. എന്നാൽ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പ് വാദിക്കുന്നത്. ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയ്ക്ക് ഉണ്ടായതായും പിഴ ചുമത്തിയ നോട്ടീസിൽ പറയുന്നു.
ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂൺ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയ്‌യുടെ അഭിഭാഷകൻ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ല എന്ന വാദത്തിലാണ് ഇടക്കാല സ്റ്റേ.
















