ജയ്പൂർ: അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ രാജിവെച്ചു. അത്രു മണ്ഡലത്തിലെ എംഎൽഎ ആയ പനചന്ദ് മേഘ്‌വാൾ ആണ് രാജിവെച്ചത്. ദലിത് സമുദായത്തിനെതിരായ അക്രമങ്ങൾ തടയാനാവാതെ താൻ പദവിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൈമാറി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിലും ദളിതര്‍ അടിച്ചമര്‍ത്തപ്പെടുന്നു. അവരിപ്പോഴും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുന്നു. ആ അടിച്ചമര്‍ത്തലിനെ എനിക്ക് തടയാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നുവന്ന് പനംചന്ദ് മെഹ്‌വാള്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി. കുട്ടിയുടെ കുടുംബത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമെന്നും നീതി ലഭ്യമാക്കണമെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധ്യാപകനെ രാജസ്ഥാന്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അടിയന്തര ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ മാസം 20-ന് ആണ് ജലോര്‍ ജില്ലയിലെ സുരാനയില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഇന്ദ്രകുമാര്‍ മെഘ്‌വാള്‍(9)-നെ ഉയർന്ന ജാതിക്കാർക്കായി വെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്ന് ആരോപിച്ച് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. അബോധാവസ്ഥയിലായ കുട്ടി ഒരാഴ്ച ആശുപത്രിയില്‍ കിടന്നശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
















