സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ വികസിത ഇന്ത്യയ്ക്കായി അഞ്ച് പ്രതിജ്ഞകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒന്ന് വികസിത ഭാരതം, രണ്ട് അടിമത്ത മനോഭാവം അവസാനിപ്പിക്കൽ, മൂന്ന് പൈതൃകത്തിൽ അഭിമാനിക്കുക, നാല് ഏകത, അഞ്ച് പൗരധർമ്മം പാലിക്കൽ എന്നിവയാണ് അഞ്ച് പ്രതിജ്ഞകൾ.അടുത്ത 25 വർഷം രാജ്യത്തിന്റെ വികസനത്തിനായി സമർപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. അതാണ് നമ്മുടെ കരുത്ത്, 75-ാം വയസിലേക്കുള്ള ഇന്ത്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. രാജ്യത്തെ ജനങ്ങൾ ഇപ്പോൾ സ്വപ്‌ന സാക്ഷാത്കാരത്തിന് ആഗ്രഹിക്കുന്നുവെന്നും ഈ ചരിത്ര ദിനത്തിൽ പുതിയ അദ്ധ്യായത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഐക്യം കൈവരിക്കാൻ ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പലരും ഇന്ത്യയെ സംശയിച്ചു, എന്നാൽ ഈ ഭൂമി സവിശേഷമാണെന്ന് അവർക്കറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.നമ്മുടെ രാജ്യത്തെ എല്ലാ ഭാഷയിലും അഭിമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 5ജിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു. ഡിജിറ്റൽ ഇന്ത്യ എല്ലാ ഗ്രാമങ്ങളിലും എത്തും. പുനരുപയോഗ ഊർജം മുതൽ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതു വരെ എല്ലാ മേഖലകളിലും ഇന്ത്യ മെച്ചപ്പെട്ടു. കുട്ടികൾ വിദേശ നിർമ്മിത കളിപ്പാട്ടങ്ങൾ നിരസിച്ചു. ആത്മനിർഭർ ഭാരതത്തിന്റെ ആവേശം അവരുടെ സിരകളിലൂടെ ഒഴുകുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
















