ന്യൂഡല്‍ഹി: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കർ പറഞ്ഞു. യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായും എസ്.ജയശങ്കര്‍ അറിയിച്ചു.
യുദ്ധത്തെ തുടർന്ന് തുടർ പഠനം അനിശ്ചിതാവസ്ഥയിൽ ആയതോടെ വിദ്യാർത്ഥികൾ ആശങ്കയിലായിരുന്നു. സെപ്തംബറിലാണ് അടുത്ത അധ്യയന വർഷം തുടങ്ങുക. യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അവിടേക്ക് പോകാനാകാത്ത അവസ്ഥയിലായിരുന്നു വിദ്യാർഥികൾ.
ഓൺലൈൻ പഠന സൗകര്യമൊരുക്കാമെന്ന യുക്രെയ്ന്റെ വാഗ്‍ദാനം പ്രതീക്ഷ ഏകുന്നുണ്ടെങ്കിലും ക്ലിനിക്കൽ പരിശീലനം എങ്ങനെ പൂർത്തിയാക്കും എന്നതിൽ ആശങ്ക ബാക്കിയാണ്. സെപ്തംബറിൽ അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ ഫീസ് അടക്കേണ്ട സാഹചര്യവും വിദ്യാർത്ഥികൾക്ക് മുന്നിലുണ്ട്. പഠനത്തിനായി തിരികെ പോകാനാകുമോ എന്നതിൽ വ്യക്തത വരുത്താതെ ലക്ഷങ്ങൾ എങ്ങനെ ഫീസ് നൽകുമെന്നതും വിദ്യാർത്ഥികളെ കുഴക്കുന്നുണ്ട്.
















