തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയയും വയോധികയുമായ മനോരമയെ പ്രതി കൊലപ്പെടുത്തിയത് അതിക്രൂരമായി.പ്രതിയായ ആദം അലി കൊല്ലണമശന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മനോരമയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
തനിക്ക് പൂക്കൾ വേണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ആദം അലി മനോരമയെ സമീപിച്ചത്. സ്ഥിരം കാണുന്ന വ്യക്തിയായതിനാൽ മനോരമ ആദം അലിയോട് താൻ പൂക്കൾ പറിച്ചു നൽകാം എന്ന് പറയുകയായിരുന്നു. മനോരമ പൂക്കൾ പറിക്കുന്നതിനിടയിലാണ് ആദം അലി പിന്നിലൂടെ ചെന്ന് മനോരമയെ ആക്രമിച്ചത്. മാല പൊട്ടിക്കുവാൻ ആയിരുന്നു ആദം അലിയുടെ ശ്രമം. ആ ശ്രമമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മൊഴി .
അപ്രതീക്ഷിതമായി ആദം അലി പിന്നിലൂടെയെത്തി മാല പൊട്ടിച്ചെടുക്കാൻ നോക്കിയപ്പോൾ അതിനെ മനോരമ എതിർത്തു. അതിനു പിന്നാലെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മനോരമയുടെ കഴുത്തിന് പ്രതി കുത്തുകയായിരുന്നു. അതിനുശേഷം മാല പൊട്ടിച്ച് എടുത്തു. മനോരമ നിലവിളിക്കുവാൻ ശ്രമിച്ചപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ച് തുണികൊണ്ട് വായും മൂക്കും അമർത്തിപ്പിടിച്ചു. കയ്യിൽ ധരിച്ചിരുന്ന വളകളും ഊരിയെടുത്തു. അപ്പോഴേക്കും മനോരമ കൊല്ലപ്പെട്ടിരുന്നു.
ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നും ഇതിനു ശേഷം മൃതദേഹം കിണറ്റിലിട്ടുവെന്നുമാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വീടിനു സമീപത്തെ ഓടയിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. എന്നാൽ മോഷ്ടിച്ച സ്വർണം ഇതുവരെ കണ്ടെത്താനായില്ല.