പാലക്കാട് ചിറ്റിലഞ്ചേരി കൊന്നല്ലൂരിൽ ഇരുപത്തിനാലുകാരിയും ഡിവെെഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ സൂര്യപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സൂര്യപ്രിയയുടെ സുഹൃത്തും അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ സ്വദേശിയുമായ സുജീഷാണ് പ്രതി.സൂര്യപ്രഭയുടെ വീട്ടിൽ വച്ചു തന്നെയാണ് പ്രതി കൊല നടത്തിയത്. കൃത്യം നടത്തിയ ശേഷം കൊലയ്ക്കു പിറകേ പ്രതി ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സൂര്യപ്രിയയെ കുറിച്ചുള്ള സുജീഷിൻ്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും തമ്മിൽ കോളേജ് പഠനകാലത്ത് തുടങ്ങിയ പ്രണയബന്ധം കഴിഞ്ഞ ആറ് വർഷമായി നീണ്ടു. പ്രണയ ബന്ധം തകർന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ഇരുവരും തമ്മിലുള്ള പ്രണയത്തിൽ അകൽച്ച വന്നു എന്നാണ് പറയപ്പെടുന്നത്. സൂര്യപ്രിയയ്ക്ക് സ്വന്തം കുടുംബത്തിലെ മറ്റൊരാളുമായി പ്രണയമുണ്ടെന്ന് പ്രതിക്ക് സംശയമുണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞ് പലതവണ ഇയാൾ സൂര്യപ്രിയയുമായി വഴക്കിട്ടിരുന്നെന്നും വിവരങ്ങളുണ്ട്.
കഴിഞ്ഞ ദിവസം ആരുമില്ലാത്ത സമയത്തായിരുന്നു സുജീഷ് സൂര്യപ്രിയയുടെ വീട്ടിലെത്തിയത്. സംസാരിക്കാനുണ്ടെന്നു പറഞ്ഞ് വീടിനുള്ളിൽ കടന്ന സുജീഷ് കൃത്യം നടത്തുകയായിരുന്നു. ബന്ധത്തെചൊല്ലി കഴിഞ്ഞ ദിവസം രാത്രി ഫോണിലൂടെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്നാണ് രാവിലെ സുജീഷ് വീട്ടിലെത്തിയതെന്നാണ് വിവരം. സൂര്യപ്രിയയുടെ മൊബൈലിൽ ചാറ്റ് ചെയ്തത് ഉൾപ്പെടെ കണ്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ സൂര്യപ്രിയ കൈയിലെ വളകൾ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും സുജീഷ് പൊലീസിനോട് വ്യക്തമാക്കി. തുടർന്ന് സുജീഷ് സമീപത്തുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ശേഷം പ്രതി ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസിനോട് വിവരം പറയുകയുമായിരുന്നു. ‘ഞാൻ എൻ്റെ പെണ്ണിനെ കൊന്നു’വെന്നാണ് സുജീഷ് പൊലീസിനോട് പറഞ്ഞത്. വിവരമറിഞ്ഞ് പൊലീസ് യുവതിയുടെ വീട്ടിലേക്ക് പോയി. കൊലപാതകം നടക്കുന്ന സമയം വീട്ടിൽ ആരുമില്ലാത്തതിനാൽ പൊലീസെത്തിയ ശേഷമാണ് യുവതി കൊല്ലപ്പെട്ടവിവരം ബന്ധുക്കളടക്കം വിവരം അറിയുന്നതും. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെ കുടുതൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.