മുന്‍ ധനമന്ത്രി തോമസ് ഐസക് ഇന്നും ഇഡിക്ക് മുമ്പില്‍ ഹാജരാകില്ല. ഇഡി നോട്ടീസയച്ചിട്ടും രണ്ടാം തവണയാണ് തോമസ് ഐസക് ഹാജരാകാതെയിരിക്കുന്നത്.കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിലെത്താനായിരുന്നു ഇ ഡി നിര്‍ദ്ദേശം.
കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ഉയരുന്ന ആരോപണം. എന്നാല്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നാണ് ഐസകിന്റെ വിശദീകരണം.
ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും തനിക്ക് അയച്ച സമന്‍സ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് ഇന്നലെ ഇഡി നോട്ടീസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ നടപടികള്‍ വിലക്കണമെന്നും ഐസക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇ ഡി നല്‍കിയ നോട്ടീസില്‍ കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇഡിയുടെ സമന്‍സുകള്‍ നിയമവിരുദ്ധമാണ്. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും സര്‍ക്കാര്‍ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിന്റെ ഭാഗമാണെന്നും ഹര്‍ജിയില്‍ തോമസ് ഐസക് വ്യക്തമാക്കുന്നു.
















