മോഹൻലാലിനൊപ്പം മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ. രക്ഷാബന്ധൻ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെ ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് അക്ഷയ് കുമാർ മറുപടി പറഞ്ഞത്.ഒരുപാട് മലയാള സിനിമകൾ ഹിന്ദിയിൽ റീമേക്ക് ചെയ്ത് സൂപ്പർഹിറ്റ് ആക്കിയിട്ടുള്ള താങ്കൾ എന്നാണ് മലയാളത്തിൽ അഭിനയിക്കുക എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
‘‘മലയാള സിനിമയിൽ അഭിനയിക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷേ പ്രശ്നം എന്താണെന്നു വച്ചാൽ മലയാളം സംസാരിക്കാൻ എനിക്ക് അറിയില്ല. എനിക്ക് എന്റെ സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നതാണ് ഇഷ്ടം. മറ്റൊരാൾ എനിക്ക് വേണ്ടി ഡബ് ചെയ്യുന്നതിൽ താൽപര്യമില്ല. എനിക്കൊരു മലയാളം സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്.
തമിഴിൽ ഞാൻ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നടയിലും അഭിനയിച്ചു. ഇനി മലയാളത്തിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കണം. മോഹൻലാലിനൊപ്പം ഒരു ചിത്രത്തിൽ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദർശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതൊരു ബഹുമതിയായിത്തന്നെ കരുതും.’’എന്നായിരുന്നു അക്ഷയ് കുമാറിന്റെ വെളിപ്പെടുത്തിയത് .
















