കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. തമിഴ്നാട് മധുര സ്വദേശികളായ രണ്ടു പേരില്‍ നിന്നായി ഒന്നര കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നുമെത്തിച്ച സ്വര്‍ണ്ണം ട്രെയിന്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്.
തമിഴ് മധുര സ്വദേശികളായ മഹേന്ദ്ര കുമാറും ശ്രീധരനുമാണ് പിടിയിലായത്. ഇവർ കാരിയർമാരാണ് എന്നാണ് കസ്റ്റംസ് കണ്ടെത്തൽ. കള്ളകടത്ത് സ്വർണ്ണം ഇടപാടുകാരൻ അജമൽ ആണ് സ്വർണം നൽകിയതെന്നാണ് പ്രതികൾ പറയുന്നത്. 77 ലക്ഷം വിലവരുന്ന സ്വർണ്ണമാണ് കസ്റ്റമസ് പിടി കൂടിയത്.
വിവിധ വിമാനത്താവളങ്ങളില്‍ വഴി കസ്റ്റംസിനെ കബളിപ്പിച്ച് കൊണ്ടു വരുന്ന സ്വര്‍ണ്ണമിശ്രിതം സ്വര്‍ണ്ണ കട്ടികളാക്കി ട്രെയിന്‍ മാര്‍ഗം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്നതായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ സ്വര്‍ണം പിടികൂടിയത്.
തമിഴ്നാട് സ്വദേശികളായ ആളുകളെയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടെ 64 കിലോ സ്വര്‍ണ്ണമാണ് കോഴിക്കോട് കസ്റ്റ്ംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ഇർഷാദിന്റെ കൊലപാതക കേസിൽ പൊലീസ് അന്വേഷണം മലബാറിലെ സ്വർണ്ണ കടത്തു സംഘങ്ങളിലേക്ക് വ്യാപിക്കുന്നതിനിടയിലാണ് ഈ വലിയ സ്വർണ്ണക്കടത്ത് നടന്നത് എന്നത് നിർണ്ണായകമാണ്.