ആയുർവേദ മെഡിക്കൽ ഓഫിസറെ തട്ടിക്കൊണ്ട് പോയ ശേഷം വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയിൽ നിന്നും മോചനദ്രവ്യമായി മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിക്ക് 6 വർഷം തടവും പിഴയും. 2006 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കോതമംഗലം സ്വദേശിയും ചെറുവത്തൂർ ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുമായിരുന്ന ഡോ.നജീബിനെയാണ് കൊല്ലം അഞ്ചൽ സ്വദേശിയായ ശ്യാം ജസ്റ്റിനും കൂട്ടരും തട്ടിക്കൊണ്ട് പോയത്. പിന്നീട് കാസർകോട് നടന്ന മറ്റൊരു തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പ്രതികൾ പിടിയിലായതോടെയാണ് ഈ സംഭവം പുറത്തറിയുന്നത്.
കേസിൽ ജാമ്യമെടുത്ത ശേഷം ഒളിവിൽ പോയ പ്രതികളിൽ 2ഉം 3 ഉം 4 ഉം പ്രതികൾ പിന്നീട് കോടതിയിൽ ഹാജരായി വിചാരണ നേരിടുകയും വിട്ടയ്ക്കപ്പെടുകയും ചെയ്തു. എന്നാൽ ഒളിവിലായിരുന്ന ഒന്നാം പ്രതി പിന്നീട് കോടതിയിൽ കീഴടങ്ങി വിചാരണ നേരിടുകയും കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. മോചന ദ്രവ്യത്തിനു ലക്ഷ്യമിട്ടുള്ള തട്ടി കൊണ്ടുപോകലിന് 3 വർഷം തടവും , ഭീഷണിപ്പെടുത്തി പണം തട്ടിയതിന് 3 വർഷവും വീതമാണ് തടവ് ലഭിച്ചത്. ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ശ്രീ. പ്രദീപ് കുമാർ .സി. യാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. സംഭവ കാലത്ത് പ്രതിക്ക് 20 വയസ്സായിരുന്നു എന്നത് പരിഗണിച്ചാണ് കുറഞ്ഞ ശിക്ഷ പ്രതിക്ക് കോടതി നൽകിയത്.കോതമംഗലം പോലിസ് ഇൻസ്പക്ടർമാരായിരുന്ന ശ്രീ.എൻ.എൻ പ്രസാദ് , ശ്രീ. കെ.എം ജിജിമോൻ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്.. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.സി.ടി ജസ്റ്റിൻ ഹാജരായി.