കോട്ടയം: കോട്ടയം എം.പി. തോമസ് ചാഴികാടന്റെ വീട്ടില്‍ മോഷണശ്രമം. വീടിന്റെ ജനല്‍ച്ചില്ല് മോഷ്ടാവ് തകര്‍ത്തു. തോമസ് ചാഴികാടന്റെ എസ്.എച്ച്. മൗണ്ടിലുള്ള വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ ആയിരുന്നു സംഭവം.
എം.പിയുടെ ഭാര്യ മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ജനല്‍ച്ചില്ല് തകര്‍ക്കുന്ന ശബ്ദം കേട്ട് ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഉടന്‍ പുറത്തിറങ്ങി ചുറ്റുപാടും പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വീട്ടില്‍നിന്ന് സാധനങ്ങളൊന്നും നഷ്ടമായിട്ടുമില്ല.
സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എം.പിയുടെ വീട്ടില്‍ സി.സി.ടി.വിയില്ല. സമീപപ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളുപയോഗിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണ്. വിരല്‍ അടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.