തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്‍റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത വ്യാജമെന്ന് ഡിവൈഎഫ്ഐ. ആരോ പടച്ചുവിട്ട വാർത്തയെ മാധ്യമങ്ങൾ ഏറ്റെടുക്കരുതായിരുന്നു. പിരിച്ച തുകയുടെ കണക്ക് കൃത്യമായി കയ്യിലുണ്ട് അത് പുറത്തുവിടുമെന്നും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഡിവൈഎഫ്ഐയെ അപമാനിക്കാനുള്ള ഹീന തന്ത്രമാണ് നടക്കുന്നത്. ഒരു പരാതിയും ഇതുവരെയും കിട്ടിയിട്ടില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ പറഞ്ഞു. റെഡ് കെയര്‍ സെന്‍റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡിവൈെഫ്ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നതെന്നും ഷിജു ഖാന്‍ വിശദീകരിച്ചു.
അന്തരിച്ച പി ബിജുവിന്‍റെ ഓർമ്മയില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയർ സെന്‍ററും ആമ്പുലന്‍സ് സർവീസും തുടങ്ങാൻ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാന പ്രകാരമായിരുന്നു ഫണ്ട് പിരിവ്. ഇതിലേക്ക് രണ്ടര ലക്ഷം രൂപ വീതം ഒരോ മേഖലാകമ്മിറ്റിയും പിരിച്ചു നൽകണമെന്നായിരുന്നു നിർദേശം. പാളയം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ ഒമ്പത് മേഖലാകമ്മിറ്റികളാണ് ഉള്ളത്. പതിനൊന്ന് ലക്ഷത്തിലധികം രൂപയാണ് ഇതുമായി ബന്ധപ്പെട്ട് പിരിച്ചെടുത്തത്. ആറുലക്ഷം രൂപ ഇതിൽ നിന്നും റെഡ്‌കെയർ സെന്ററനായി വിനിയോഗിച്ചു. എന്നാൽ ബാക്കി വരുന്ന തുകയെ സംബന്ധിച്ച യാതൊരു വിധ കണക്കുകളും പാളയം ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല. ഇവരുടെ അക്കൗണ്ടിലേക്ക് ഈ തുക വന്നിട്ടുമില്ല.
എന്നാൽ അന്ന് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷാഹിൻ ഈ തുക കൈവശം വെച്ചിരുന്നു എന്നും അത് പുറത്ത് ചെലവഴിക്കുകയും ചെയ്തു എന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന ആരോപണം. കഴിഞ്ഞ മെയ് മാസം ചേർന്ന സിപിഎം പാളയം ഏരിയ കമ്മിറ്റിയോഗം ഇക്കാര്യം കണ്ടുപിടിക്കുകയും ഷാഹിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം പണം ബാങ്ക് അക്കൗണ്ടിലുണ്ടെന്നാണ് പാളയം ബ്ലോക്ക് കമ്മിറ്റിയുടെ വിശദീകരണം. ആരോപണത്തെ കുറിച്ച് ഷഹിൻ പ്രതികരിച്ചിട്ടില്ല.