ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് ലോക്‌സഭ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരി നടത്തിയ ‘രാഷ്ട്രപത്‌നി’ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഓഗസ്റ്റ് 3 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം.
ചൗധരി നടത്തിയ പരാമർശം, അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന് വനിതാ കമ്മീഷൻ വിലയിരുത്തി. ഇതിനിടെ രാഷ്ട്രപതിയെ നേരിൽ കാണാൻ അധിർ രഞ്ജൻ ചൗധരി സമയം തേടി. നേരിട്ട് ഖേദം അറിയിക്കാൻ തയ്യാറാണെന്നും ചൗധരി അറിയിച്ചു.
രാഷ്ട്രപതിയോട് നേരിട്ട് മാപ്പ് പറയാം. കാണാനാനായി സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിനെ അധിക്ഷേപിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെന്നും പ്രശ്‌നത്തിലേക്ക് സോണിയാഗാന്ധിയെ വലിച്ചിഴക്കുന്നത് എന്തിനെന്നും അധിർ രഞ്ജൻ ചൗധരി കൂട്ടിച്ചേർത്തു.
അതേസമയം അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവന കോൺഗ്രസിനെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. പാർലമെന്റിൽ വിഷയം ശക്തമായി ഉന്നയിച്ചതിന് പിന്നാലെ, സോണിയാ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. പാർലമെന്റിൽ സ്മൃതി ഇറാനിയോട് സോണിയാ ഗാന്ധി തട്ടിക്കയറിയെന്ന് നിർമല സീതാരാമൻ ആരോപിച്ചു. ‘എന്നോട് മിണ്ടിപ്പോകരുതെന്ന്’ സോണിയ പറഞ്ഞെന്ന് നിർമല സീതാരാമൻ പറഞ്ഞു. സോണിയാ ഗാന്ധി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. അധിർ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞെന്നാണ് സോണിയ പറയുന്നത്. എന്നാൽമാപ്പ് പറയേണ്ട കാര്യമില്ലെന്നാണ് അധിർ രഞ്ജന്റെ നിലപാടെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ സോണിയാ ഗാന്ധിയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂയെന്നും അധിർ രഞ്ജൻ പറഞ്ഞു.