തിരുവനന്തപുരം: നവലിബറൽ ആശയങ്ങളുടെ ഭാഗമായി വർഗീയ പ്രസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന സിപിഎമ്മിന്റെ സഹായം കോണ്‍ഗ്രസിന്റെ വളർച്ചക്ക് ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. തീവ്രപക്ഷ നിലപാടുകളുള്ള പാർട്ടികൾ നൽകിയ ബലത്തിലാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ നിലനിൽക്കുന്നത്. സിപിഎമ്മിന് നഷ്ടമായ ഇടതുപക്ഷ മുഖം തുറന്നു കാട്ടി ചിന്തൻ ശിബിരം മുന്നോട്ട് വച്ച ആശയങ്ങൾ സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നു എന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചിന്തൻ ശിബിരം കോണ്‍ഗ്രസിന് നൽകിയ ഊർജവും കരുത്തും ദിശാബോധവും വലുതാണ്.
വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തെയും ഫാസിസത്തെയും സന്ധിയില്ലാത്തവിധം ചെറുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് കോണ്‍ഗ്രസ് ചിന്തൻ ശിബിരം മുന്നോട്ടുവച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന സംഘപരിവാറിന് സമാന്തരമായി അധികാരം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളത്തിലെ സിപിഎമ്മിനും മുഖ്യമന്ത്രിക്കും അതിന്റെ അന്തഃസത്ത ശരിയായ വിധത്തിൽ മനസിലാക്കാൻ കഴിഞ്ഞെന്നുവരില്ലെന്നും സുധാകരൻ പറഞ്ഞു.
സിപിഎമ്മിൽ ആഭ്യന്തര ജനാധിപത്യം ഇല്ലാതാക്കിയ വ്യക്തിയാണ് പിണറായി വിജയൻ. പിണറായി വിജയൻ ചെയർമാനും മരുമകനും കണ്ണൂരിലെ ചുരുക്കം നേതാക്കളും ഡയറക്ടർ ബോർഡ് അംഗങ്ങളായുള്ള കോർപ്പറേറ്റ് കന്പനിയാക്കി സിപിഎമ്മിനെ മാറ്റി. ഗാന്ധിയൻനെഹ്രൂവിയൻ ആശയങ്ങളിൽ ഊന്നി സോഷ്യലിസ്റ്റ് ചിന്താഗതികൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കോണ്‍ഗ്രസിന് ഒരിക്കലും വലതുപക്ഷമാകാനാവില്ല. സംഘപരിവാറുകളുടെ തീവ്രവലതുപക്ഷ നിലപാടുകൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സിപിഎമ്മിന് യഥാർഥ ഇടതുപക്ഷമാകാനും സാധിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ പ്രസക്തി സിപിഐ തിരിച്ചറിയുകയും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് ഇതര പ്രാദേശിക കക്ഷികളെ കൂട്ടുപിടിക്കണമെന്ന ചരിത്ര വിഡ്ഢിത്തം കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്തവരാണ് സിപിഐഎമ്മെന്നും സുധാകരന് പരിഹസിച്ചു.