ചിങ്ങം ഒന്നിന് സർക്കാരിന്റെ കേരള സവാരി നിരത്തുകളിലെത്തും.ആഗസ്റ്റ് 17 (ചിങ്ങം ഒന്ന്)ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്നിൽ വച്ച് കേരള സവാരി പദ്ധതി ഉദ്ഘാടനം ചെയ്യും. നൂറ് ശതമാനം സുരക്ഷിതവും തർക്കരഹിതവുമായ യാത്ര എന്നതാണ് കേരള സവാരി മുന്നോട്ട് വയ്ക്കുന്ന വാഗ്ദാനം. പൊതുജനങ്ങൾക്ക് സുരക്ഷിതവും തർക്കരഹിതവുമായ യാത്ര ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കേരള സവാരി എന്ന ഓൺലൈൻ ടാക്സി പദ്ധതി സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്.
പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡാണ് ഈ പദ്ധതി നടപ്പിലാക്കുക. പൊതുമേഖലാ സ്ഥാപനമായ പാലക്കാടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഓൺലൈൻ ടാക്‌സി സർവീസ് ആരംഭിക്കുന്നത്. ഒരു പക്ഷേ ലോകത്ത് തന്നെ സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു സംവിധാനം ആദ്യത്തേതായിരിക്കും. നിലവിലെ ഓൺലൈൻ ടാക്‌സി സംവിധാനങ്ങളിലെല്ലാം മോട്ടോർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ട്.