ലഖ്‌നൗ: റിസോർട്ടിന്റെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയ മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ. മരക് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽനിന്നാണ് മരകിനെ മേഘാലയ പൊലീസ് പിടികൂടിയത്.
ശനിയാഴ്ചയാണ് ബെർണാഡിൻ്റെ ഫാം ഹൗസായ ‘റിംപു ബഗാനി’ൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ 6 പ്രായപൂർത്തിയാവത്ത പെൺകുട്ടികളെ മോചിപ്പിക്കുകയും 73 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ ടൂറ കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
ടൂറയിൽ ബെർണാടിൻ്റെ ഉടമസ്ഥതയിലുള്ള ഒരു റിസോർട്ടിൽ നിന്ന് അഞ്ച് കുട്ടികളെ പൊലീസ് മോചിപ്പിച്ചിരുന്നു. ഫാം ഹൗസിലെ റെയ്ഡിൽ 47 പുരുഷന്മാരും 26 സ്ത്രീകളുമാണ് പിടിയിലായത്. ഇവരിൽ പലരും നഗ്നരായിരുന്നു. ഇവിടെ നിന്ന് പൊലീസ് മദ്യക്കുപ്പികളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
30 ചെറിയ മുറികളാണ് ഫാംഹൗസിലുള്ളത്. വേശ്യാവൃത്തിക്കായായിരുന്നു കുട്ടികളെ ഇവിടെ എത്തിച്ചിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി വിവേകാനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇവരെ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. 400 മദ്യക്കുപ്പികളും 500ഓളം ഗർഭനിരോധന ഉറകളും സ്ഥലത്തുനിന്ന് കണ്ടെടുത്തതായി എസ്.പി അറിയിച്ചു.