ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിഷേധിച്ച കോൺഗ്രസ് നേതാവിനെ വലിച്ചിഴച്ച് ഡൽഹി പോലീസ്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബി.വിയെ ആണ് ഡൽഹി പോലീസ് തലമുടിയിൽ കുത്തിപ്പിടിച്ച് ക്രൂരമായി പോലീസ് വാഹനത്തിലേക്ക് തള്ളിക്കയറ്റിയത്.
സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം. ശ്രീനിവാസിനെ പൊലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പൊലീസുകാരൻ ശ്രീനിവാസിന്റെ മുടിയിൽ പിടിച്ചു വലിക്കുന്നതും കാറിനുള്ളിലേക്ക് തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി കോൺഗ്രസ് നേതാക്കൾ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. പൊലീസ് സമരക്കാരോട് എങ്ങനെയാണ് പെരുമാറുന്നത് എന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങളെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
അതേസമയം ശ്രീനിവാസിനെ മർദിച്ച പൊലീസുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. പൊലീസുകാരനെ തിരിച്ചറിയാനായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.