ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. സോണിയ ഗാന്ധിയോട് നാളെയും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
സോണിയ ഗാന്ധിയോട് ഇതുവരെ 55 ചോദ്യങ്ങളാണ് ചോദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാഹുൽ ഗാന്ധിയോട് ചോദിച്ച അതെ വിവരങ്ങളാണ് സോണിയ ഗാന്ധിയോടും തേടിയതെന്നാണ് ഇഡി വ്യത്തങ്ങൾ അറിയിക്കുന്നത്.
അതേസമയം ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സോണിയയെ ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാവിലെ 10 മുതല്‍ വിട്ടയയ്ക്കുംവരെ ജില്ലാ-സംസ്ഥാന ആസ്ഥാനങ്ങളില്‍ സത്യാഗ്രഹം നടത്താന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. രാഷ്ട്രപതിഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വിജയ് ചൗക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ നടപടി.
രാഹുലിനൊപ്പം ഉണ്ടായിരുന്ന കെ.സി. വേണുഗോപാല്‍ അടക്കമുള്ള എം.പി.മാരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെ ഇവരെ വാനില്‍ കയറ്റിയെങ്കിലും രാഹുലിനെ കസ്റ്റഡിയിലെടുക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു തുടങ്ങിയതോടെ രാഹുലിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.