തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാർ ഇടിച്ചുകൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ ആയി നിയമിച്ചത് സ്വഭാവിക നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവീസിലുള്ളയാൾക്ക് ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. അതിന്റെ ഭാഗമായാണ് ശ്രീറാമിന് ചുമതല നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വഭാവികമായും അയാളെ നിയമിക്കുമ്പോൾ മാധ്യമപ്രവർത്തകരായ നിങ്ങളിൽനിന്നും ചോദ്യം വരും. ബഷീർ നമ്മുടെ എല്ലാവരുടെയും നിങ്ങളുടെ അടുത്ത സുഹൃത്തും ആയിരുന്നല്ലോ. ഇപ്പോൾ സർക്കാർ ചുമതല കൊടുത്തു എന്നു മാത്രമേ ഉള്ളൂ. കേസിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ല. ഇനിയും അങ്ങനെ തന്നെ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നീക്കും- മുഖ്യമന്ത്രി പറഞ്ഞു.
ഇന്നാണ് ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ അധികാരമേറ്റത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ജില്ലാ മജിസ്ട്രേറ്റിന്റെ കൂടെ ചുമതലയുള്ള ഒരു പദവിയിൽ ശ്രീറാമിനെ നിയമിച്ചത് അനുചിതമാണെന്ന് പ്രതിപക്ഷമടക്കം കുറ്റപ്പെടുത്തിയിരുന്നു. സംഭവത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴ ഡി.സി.സി ശ്രീറാമുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നേരത്തെ, ശ്രീറാമിനെ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാക്കിയതിലും പ്രതിഷേധം ഉയർന്നിരുന്നു. ആലപ്പുഴ കലക്ടറും ശ്രീറാമിന്റെ ഭാര്യയുമായ രേണുരാജിനെ എറണാകുളത്തേക്ക് സ്ഥലംമാറ്റിയ ശേഷമായിരുന്നു ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്.