തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളിലെ ജിഎസ്ടി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി സംസ്ഥാനത്ത് ചുമത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജിഎസ്ടി കൗൺസിൽ തീരുമാനം കേരളത്തിൽ നടപ്പാക്കില്ല. ആഡംബര വസ്തുക്കളുടെ നികുതി കൂട്ടാൻ മാത്രമാണ് കേരളം ആവശ്യപ്പെട്ടത്. ജിഎസ്ടി കൗൺസിലിലും ഈ നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളിൽ ഏർപ്പെടുത്തിയ നികുതി പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കിഫ്ബി വഴി വികസനം നടത്താനുള്ള സർക്കാർ ശ്രമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബിയുടെ വായ്പ കിഫ്ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സർക്കാരിന്റെ കടമായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്ന് നിയമ വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ കേരളത്തിന്‍റെ വായ്പാപരിധി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഈ വര്‍ഷവും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.