ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനെതിരെ രൂക്ഷവിമർശനവുമായി നയൻതാരയുടെ ആരാധകർ. നടിയെ സംവിധായകൻ അധിക്ഷേപിച്ചുവെന്നാണ് ആരാധകരുടെ ആരോപണം. ‘കോഫി വിത്ത് കരൺ’ എന്ന ടോക് ഷോയ്‌ക്കിടെ കരൺ ജോഹർ നടത്തിയ ഒരു പ്രസ്‌താവനയാണ് ആരാധകരെ ചൊടിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് സാമന്തയോട് കരൺ ചോദിച്ചപ്പോൾ നയൻതാര എന്നായിരുന്നു താരത്തിന്റെ മറുപടി. വിജയ് സേതുപതി നായകനായെത്തിയ ‘കാത്തു വാക്കുലെ രണ്ടു കാതൽ’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കവെയായിരുന്നു സാമന്തയുടെ പരാമർശം. എന്നാൽ ‘അവർ എന്റെ ലിസ്റ്റിൽ ഇല്ല’ എന്നായിരുന്നു കരൺ സാമന്തയുടെ മറുപടിയോട് പ്രതികരിച്ചത്.
ഇന്ത്യയിലെ ഒന്നാം നമ്പർ അഭിനേത്രിയായി സാമന്തയെ തിരഞ്ഞെടുത്ത ‘ഓർമാക്സ് മീഡിയ ലിസ്റ്റി’നെപ്പറ്റി സൂചിപ്പിച്ചായിരുന്നു കരണിന്റെ പരാമർശം. പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ കരണിന് നേരെ രൂക്ഷവിമർശനമാണ് നടക്കുന്നത്. നയൻതാരയെ കരൺ അനാദരിച്ചെന്നാണ് ആരാധകർ പറയുന്നത്. ‘നിങ്ങളുടെ ലിസ്റ്റിൽ അവർക്ക് ഇടം ആവശ്യമില്ലെന്നും നയൻതാര ലേഡി സൂപ്പർ സ്റ്റാറാണ് എന്നും ആരാധകർ കമന്റിലൂടെ പ്രതികരിച്ചു. ഇതിനിടെ കരണിനെ അനുകൂലിച്ചും ആളുകൾ എത്തുന്നുണ്ട്. കരൺ ജോഹറിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നാണ് ഇക്കൂട്ടർ പറയുന്നത്. നയൻതാരയെ മികച്ച നടിയായി തിരഞ്ഞെടുത്ത സാമന്തയെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്.