കൊൽക്കത്ത: ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ പ്രതികരണവുമായി മമത ബാനർജി. ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും അഴിമതിയെ പിന്തുണയ്ക്കില്ലെന്നും മമത പറഞ്ഞു. ഭീഷണികൾക്ക് മുന്‍പില്‍ കീഴടങ്ങില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പാർത്ഥ ചാറ്റർജിയുടെ വിഷയത്തിൽ മമത ഇതുവരെ പ്രതികരിച്ചിരുന്നില്ല. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ എത്ര കടുത്ത നടപടിയായലും പാർട്ടി ഇടപെടില്ല. കൃത്യമായ സമയപരിധിക്കുള്ളിൽ സത്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വിധിയെന്ന് മമത ബാനർജി ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടക്കുന്നത് അപവാദപ്രചരണങ്ങൾ ആണെന്നും ബംഗാൾ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എന്നാൽ, തനിക്കും പാർട്ടിക്കും എതിരായ വിദ്വേഷ പ്രചാരണങ്ങളെ അപലപിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്റെ പാർട്ടിയെ തകർക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെങ്കിൽ അവര്‍ക്കു തെറ്റിയെന്നും മമത വ്യക്തമാക്കി. ”വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്നതാണ് കേസ്. ഭീഷണികൾക്ക് ഞാൻ കീഴടങ്ങില്ല. പാർത്ഥ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. വിവാദത്തിലുള്ള വനിതയുമായി സർക്കാരിനോ പാർട്ടിക്കോ ഒരു ബന്ധവുമില്ല.”-അവർ കൂട്ടിച്ചേർത്തു.
സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിലാണ് ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പാർത്ഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. പാർത്ഥയുടെ അടുത്ത സുഹൃത്തെന്ന് പറയപ്പെടുന്ന അർപിത മുഖർജിയുടെ വീട്ടിൽനിന്ന് 20 കോടി രൂപ ഇ.ഡി റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർത്ഥയുടെ അറസ്റ്റ്.
മന്ത്രി പാർത്ഥ ചാറ്റർജിയെ ചികിൽസക്കായി ഭുവനേശ്വറിലേക്ക് എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദേശ പ്രകാരമാണ് സർക്കാർ ആശുപത്രിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് നേതാവായ മന്ത്രിയെ എയിംസിലേക്ക് മാറ്റിയത്. എന്നാൽ മെഡിക്കല്‍ രേഖകള്‍ പ്രകാരം പാര്‍ത്ഥ ചാറ്റര്‍ജി ആരോഗ്യവാനാണെന്ന് ഇ ഡി വാദിച്ചു.