സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവാണ്. കേസുകള്‍ ഉയര്‍ന്നേക്കാമെങ്കിലും കുരങ്ങുവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കുരങ്ങ് വസൂരിക്ക് വ്യാപനശേഷി കുറവാണെങ്കിലും ഇനിയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രി വിലയിരുത്തി. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് കണക്കുകള്‍ സംബന്ധിച്ച കേന്ദ്രവിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. കുരങ്ങുവസൂരി കേസുകള്‍ വര്‍ധിക്കുന്നതിന്റെ ആശങ്കയിലാണ് കേരളം. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ മൂന്നായി. കൊല്ലം,കണ്ണൂര്‍ ജില്ലകളിലാണ് മറ്റ് രണ്ട് രോഗികളുള്ളത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും യുഎഇയില്‍ നിന്ന് എത്തിയവരായതിനാല്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.