82കാരിയായ ഉടമയെ കടിച്ചുകൊന്ന പിറ്റ്‌ബുള്ളിനെ സ്വന്തമാക്കാൻ ആളുകൾ മത്സരിക്കുന്നുവെന്ന് ലക്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ. ലക്‌നൗവിലെ കൈസർബാഗിൽ റിട്ടയേർഡ് അദ്ധ്യാപികയെ കടിച്ചുകൊന്ന വളർത്തുനായയെ വാങ്ങാനാണ് എൻജിഒകളും മറ്റ് അര ഡസനോളം പേരും മത്സരിക്കുന്നത്.ജിം പരിശീലകനായ മകൻ അമിത് ത്രിപതിയോടും രണ്ട് വളർത്തുനായ്ക്കളോടുമൊപ്പം കഴിയുകയായിരുന്ന സുശീല ത്രിപതി ജൂലായ് 12നാണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് വർഷം മുൻപ് വീട്ടിലെത്തിച്ച ബ്രൗണി എന്ന് പേരുള്ള വളർത്തുനായ വീട്ടിൽ മറ്റാരുമില്ലാത്ത സമയം സുശീലയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡൽഹി കോർപ്പറേഷൻ നായയെ നഗർ നിഗമിലെ മൃഗ ജനന നിയന്ത്രണ കേന്ദ്രത്തിൽ എത്തിച്ചിരുന്നു.
നായയെ നിരീക്ഷിക്കുന്നതിനായി നാല് പേരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.ബംഗളൂർ, ഡൽഹി, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന എൻജിഒകൾ ഉൾപ്പടെ അരഡസനോളം എൻജിഒകളും മറ്റ് ആറ് വ്യക്തികളും പിറ്റ്‌ബുള്ളിനെ സ്വന്തമാക്കാൻ നിരന്തരമായി കോർപ്പറേഷനുമായി ബന്ധപ്പെടുകയാണെന്ന് അധികൃതർ പറയുന്നു. അതേസമയം, വളർത്തുനായയെ അതിന്റെ ഉടമയായ അമിത്തിനെ തന്നെ ഏൽപ്പിക്കാൻ രാഷ്ട്രീയ പ്രവർത്തകയും മൃഗസ്‌നേഹിയുമായ മനേക ഗാന്ധി എംപി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ നിയമത്തിന് അനുസരിച്ച് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.