കേരളം ഭരിക്കുന്നത് പിണറായി സർക്കാരല്ല, എൽഡിഎഫ് സർക്കാരാണെന്ന ഓർമ വേണമെന്ന് സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയിലാണ് സർക്കാരിലെ പിണറായി ബ്രാൻഡിംഗ് വിമർശിക്കപ്പെട്ടത്. എൽഡിഎഫിന്റെ പ്രവർത്തനം കാരണം അധികാരത്തിൽ വന്ന സർക്കാരിനെ പിണറായി സർക്കാരെന്ന് വിളിക്കുന്നത് ശരിയല്ലെന്നും സർക്കാരിനെ പിണറായി സർക്കാർ എന്ന രീതിയിൽ ബ്രാൻഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. ഇതുവരെ ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തും കാണാത്ത ഈ പ്രവണതയ്ക്ക് തിരുത്തല്‍ വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
42 വാഹനങ്ങളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷത്തിന്റെ മുഖമല്ലെന്ന് ഇന്നലെ സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുകയാണെന്നും സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ സിപിഎം ഹൈജാക്ക് ചെയ്യുകയാണെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും സർക്കാരിനെതിരെ വിമർശനം ഉയർന്നിരിക്കുന്നത്.