പാർട്ടി സമ്മേളനത്തിൽ സിപിഐ ദേശീയനേതാവ് ആനി രാജയെ കടന്നാക്രമിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളവുമായി ബന്ധപ്പെട്ട ആനി രാജയുടെ പ്രസ്താവനകൾ സംസ്ഥാന ഘടകവുമായി ആലോചിക്കാതെയാണെന്ന് കാനം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിനിധികൾ ഉന്നയിച്ച ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല. മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ ഇന്നും ചർച്ചയിൽ വിമർശനമുയർന്നു. മങ്ങാട് രാധാകൃഷ്ണനെ സമ്മേളനം വീണ്ടും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ വിമർശനങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ലെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരായ ഓരോ ആരോപണങ്ങൾക്കും കാനം രാജേന്ദ്രൻ എണ്ണിയെണ്ണിയാണ് മറുപടി നൽകിയത്.
ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. ചർച്ചചെയ്യാതെ ആനി രാജ ഉന്നയിച്ച വിമർശനങ്ങൾക്ക് പ്രതികരിക്കേണ്ടതില്ല. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് നാഷണൽ എക്‌സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നൽകിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.