ആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതനായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയിൽ പ്രതിഷേധവുമായി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എ.എ.ഷുക്കൂർ. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്നു ഷുക്കൂർ പറഞ്ഞു. കളങ്കിതനായ വ്യക്തിയെ കലക്ടറാക്കരുത്. മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിന് ഇടയാക്കിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ജനമനസ്സുകളിൽ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥാനം എന്തെന്ന് പൊതുപ്രവർത്തകർക്ക് എല്ലാം അറിയാം. അത് അറിഞ്ഞിരുന്നിട്ടും സർക്കാർ ഇത്തരം നിയമനം നടത്തിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് ഷുക്കൂർ വ്യക്തമാക്കി.
ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂര്‍ സമാനമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നെന്നായിരുന്നു സലീമിന്റെ പ്രതികരണം.
മാധ്യമപ്രവർത്തകനായ കെ.എം.ബഷീർ 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീറാമിന്റെ രക്ത പരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത് വിവാദമായിരുന്നു