നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ്. ഒന്നര വയസുകാരന്റെ കാലിൽ സൂചി കുത്തി തറച്ചെന്ന് പരാതി. അരുവിപ്പുറം സ്വദേശികളാണ് പരാതിയുമായി രംഗത്തെത്തിയത്. എസ്.എ.ടി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ച പനി ബാധിച്ച് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഒന്നര വയസുകാരൻ. കുട്ടി അവശനായിരുന്നതിനാൽ ഡ്രിപ്പ് ഇടണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു. ആദ്യം കുട്ടിയുടെ കയ്യിലാണ് ഡ്രിപ്പ് ഇട്ടത്. എന്നാൽ കയ്യിൽ വേദനയുണ്ടെന്ന് പറഞ്ഞതോടെ കാലിൽ കുത്തുകയായിരുന്നു. ഇതിനിടെയാണ് സൂചി കാലിൽ ഒടിഞ്ഞ് തറച്ചത്.
ആശുപത്രി അധികൃതരുടെ നിർദ്ദേശാനുസരണം കുട്ടിയെ പിന്നീട് എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോയി. തുടർന്ന് ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. ആശുപത്രി അകൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് മാതാപിതാക്കളുടെ പരാതി. അതേസമയം, ആശുപത്രി അധികൃതരിൽ നിന്ന് സംഭവത്തെക്കുറിച്ച് വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.